കഥകളേക്കാൾ ഏറെയും പാട്ടുകളോടായിരുന്നു അമ്മാമ്മക്കു ഇഷ്ടം. അതിൽ എനിക്ക് ഓർമ്മയുള്ളതൊക്കെ പറഞ്ഞുതരാം. എന്തായാലും നിങ്ങൾക്കൊക്കെ അറിയാവുന്ന ശീലുകൾ തന്നാണ്. കുട്ടിക്കാലത്തു നമുക്ക് പറഞ്ഞു തരാറുള്ള കുട്ടിപ്പാട്ടുകൾ. ഒരു കഥപോലെ അമ്മമ്മയുടെ (ഓഹ് അമ്മാമ്മ; എന്റെ അമ്മയുടെ അമ്മമ്മയാ....)ശൈലിയിൽ ഇതൊന്നു പറഞ്ഞല്ലോ... എന്താല്ലേ...... ഇതൊക്കെ പണ്ട് നമ്മുടെ നാട്ടിൽ പാടത്തു പണിയുന്നവരും ഓല മെടയുന്നവരുമൊക്കെ പണിയുടെ കാഠിന്യം ലഘൂകരിക്കാൻ പാടിയിരുന്നതാണ്. അപ്പോ തുടങ്ങാല്ലേ.....
ഒരിടത്തൊരിടത്തൊരു ചക്കിപെണ്ണുണ്ടായിരുന്നു. അവൾക്കൊരു ചേച്ചിയും. ചക്കിപ്പെണ്ണിന് എല്ലാം കൗതുകമാണ്. നൂറു നൂറു ചോദ്യങ്ങളും. അവളുടെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയാൻ ചേച്ചിപ്പെണ്ണിന് വലിയ ഇഷ്ടവും. ഒരു ദിവസം പാടവരമ്പത്തൂടെ പോകുമ്പോൾ ചേച്ചി ഒരു കാഴ്ച കണ്ടു, അങ്ങ് ആകാശത്തു. അതവൾ ചക്കിയെ വിളിച്ചു കാണിച്ചുകൊടുത്തു;
"മേലോട്ട് നോക്കടി ചക്കി
ഏറോപ്ലെയ്ന് പോണത് കാണാം
മേലോട്ട് നോക്കടി ചക്കി
ഏറോപ്ലെയ്ന് പോണത് കാണാം
ഹായ്......
മേലോട്ട് നോക്കെടീ ചക്കി
ഏറോപ്ലെയ്ന് പോണത് കണ്ടാ
മേലോട്ട് നോക്കെടീ ചക്കി
ഏറോപ്ലെയ്ന് പോണത് കണ്ടാ
അയ്യോ ഇതാരുടെ വേല
അയ്യോ ഇതാരുടെ വേല
ഇത് സായിപ്പന്മാരുടെ വേല
ഇത് സായിപ്പന്മാരുടെ വേല"
അങ്ങനെ അവർ ഏറോപ്ലെയിനും കണ്ടു വരമ്പിന്റെ തുമ്പത്തെത്തിയപ്പോൾ ദേ നിക്കുന്നു നമ്മുടെ കുഞ്ചു.. ഹ കുഞ്ചുവേ കുഞ്ചിയമ്മയുടെ മകൻ കുഞ്ചു, അറിയില്ലേ പഞ്ചാര കുഞ്ചുനെ...
"കുഞ്ചിയമ്മക്ക് അഞ്ചു മക്കളാണേ
അഞ്ചാമനോമന കുഞ്ചുവാണെ
പഞ്ചാരവിറ്റു നടന്നു കുഞ്ചു
പഞ്ചാരകുഞ്ചുവെന്ന പേരുവീണു
വഞ്ചിയിൽ പഞ്ചാര ചാക്കുവച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു"
പഞ്ചാരയാണ് വിക്കുന്നതെങ്കിലും കുഞ്ചുവിനിഷ്ടം ഇഞ്ചിയോടായിരുന്നു.... അങ്ങനെ ഇഞ്ചിയും കടിച്ചു രസിച്ചുപോയ പാവം കുഞ്ചുവിനെ എന്തോ പറ്റി... വള്ളം മറിഞ്ഞു കുഞ്ചുവും പഞ്ചാരച്ചാക്കും ടപ്പേന്ന് കുളത്തിവീണു... അയ്യോ!! പാവം കുഞ്ചു... കുറെ നേരം മിഴിച്ചങ്ങനെ വെള്ളത്തിൽ കിടന്നു കുഞ്ചു... അപ്പോഴാണ് ആ വഴി താറാവമ്മയും കുഞ്ഞുങ്ങളും പതിവുപോലെ കുളിക്കാൻ എത്തിയത്. അവരാ കുളത്തിൽ കലപില കൂട്ടി കളിക്കുന്ന കണ്ടപ്പോ കുഞ്ചുവും അവരോടൊപ്പം കളിയ്ക്കാൻ കൂടി. അവൻ കൈകാലിട്ടടിച്ചു ആ കുളത്തിലങ്ങു നീന്തി കളിയ്ക്കാൻ തുടങ്ങി, ഒപ്പം താറാകുഞ്ഞുങ്ങളും...
"താറാവെ താറാവെ നീന്തി കളിക്കും താറാവെ
താറാവെ താറാവെ നീന്തി കളിക്കും താറാവെ
ആഴമുള്ള കുളത്തിൽ പോലും നീന്തി കളിക്കും താറാവെ
വഞ്ചിതുഴയും പോലുള്ള നിന്റെ സഞ്ചാരം കാണാനെന്തു രസം
പിഞ്ചുകുഞ്ഞുങ്ങൾ നർത്തനമാടും കണ്ടോണ്ടിരിക്കാനെന്തു ഹരം
താറാവെ താറാവെ നീന്തി കളിക്കും താറാവെ
താറാവെ താറാവെ നീന്തി കളിക്കും താറാവെ
ആഴമുള്ള കുളത്തിൽ പോലും നീന്തി കളിക്കും താറാവെ
കുണുങ്ങിക്കുണുങ്ങി നടക്കും കരയിൽ കിന്നരംപാടി ഒരുങ്ങുന്നു
ആര് നിനക്കി വിദ്യകളൊക്കെയും ചൊല്ലിപഠിപ്പിച്ചു താറാവെ
താറാവെ താറാവെ നീന്തി കളിക്കും താറാവെ
താറാവെ താറാവെ നീന്തി കളിക്കും താറാവെ
ആഴമുള്ള കുളത്തിൽ പോലും നീന്തി കളിക്കും താറാവെ"
കളിച്ചു ചിരിച്ചു നടന്നപ്പോൾ നേരം വൈകിയത് പാവം കുഞ്ചു ഓർത്തില്ല. പഞ്ചാരയെല്ലാം വെള്ളത്തിൽ മുങ്ങിപോയല്ലോ. വീട്ടിൽ ചെന്ന് കുഞ്ചിയമ്മയോടു ഇനി എന്ത് പറയും. അങ്ങനെ ആകെ വിവശനായി നടക്കുമ്പോഴാണ് വഴിയിൽ വച്ച് ഒരു വെള്ളക്കാരനെ കുഞ്ചു കാണുന്നത്. അയാൾ അടുത്ത ഗ്രാമത്തിൽ കച്ചവടത്തിന് വന്നതാണ്. കപ്പലിൽ....വിളക്കു കൊളുത്താൻ എണ്ണയില്ല... ഈ സ്ഥലം പരിചയമില്ലതാനും... അതിനാൽ എവിടെ നിന്നും എണ്ണ വാങ്ങണമെന്നുമറിയില്ല... സഹായത്തിനൊരാളെയും നോക്കി നിന്നതാണ്... അപ്പോഴാണ് നമ്മുടെ കുഞ്ചു ആ വഴി വന്നതും. കുഞ്ചുവിനെ കണ്ടതും വെള്ളക്കാരന് വലിയ സന്തോഷമായി. തന്നെ സഹിയ്യിച്ചാൽ എത്ര പണം വേണമെങ്കിലും തരാമെന്നു അയാൾ കുഞ്ചുവിന് വാഗ്ദാനം ചെയ്തു. പണം കിട്ടിയാൽ പഞ്ചാര വിറ്റതാണെന്നും പറഞ്ഞു അമ്മയെ ഏൽപ്പിക്കാമെന്നോർത്തപ്പോൾ കുഞ്ചു സഹിയ്ക്കാമെന്നേറ്റു.. അങ്ങനെ അങ്ങാടിയിൽ ചെന്ന് അയാൾക്ക് കുഞ്ചു എണ്ണ വാങ്ങി കൊടുത്തു... വെള്ളക്കാരൻ പറഞ്ഞിരുന്നതുപോലെ കുഞ്ചുവിന് ആവശ്യത്തിന് പണവും നൽകി.... സന്തോഷവാനായി കുഞ്ചു പാട്ടും പാടി വീട്ടിലേക്കോടി
"അയ്യ് ഒയ്യ് അരക്കാപൊടി നെയ്യ്
വെള്ളക്കാരൻ കപ്പലില് വിളക്കു കൊളുത്തി വയ്യ്
അയ്യ് ഒയ്യ് അരക്കാപൊടി നെയ്യ്
വെള്ളക്കാരൻ കപ്പലില് വിളക്കു കൊളുത്തി വയ്യ്"
ഹ്മ്മ്മ് ....
അപ്പൊ ഇന്ന് ഇത്രേം മതി കേട്ടോ.... അയ്യോ.. പിണങ്ങേണ്ട .... ഇനിയുമുണ്ട്... ഇതുപോലെ ഒത്തിരി കഥകൾ.... നിങ്ങൾക്ക് എല്ലാം ഞാൻ പറഞ്ഞു തരാം കേട്ടോ.... ശെരി എന്നാ.....